Powered By Blogger

Friday 3 April, 2009

സംസാരം

കുളിക്കാനായി പുഴക്കരയിലെത്തിയ സുധീഷ്‌ ഏതോ അധൃശ്യ ഭിത്തിയിലിടിച്ചിട്ടെന്നവണ്ണം നിന്നു. തനിക്ക്‌ വഴി മാറിപ്പോയോ എന്നവൻ സംശയിച്ചു. ആകുലതയോടെ ചുറ്റും നോക്കിയ സുധി നെടുവീർപ്പിട്ടു.
"ഇല്ല , തനിക്കു തെറ്റിയിട്ടില്ല. അവർ ഇപ്പോഴും പ്രണയിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ അമ്പത്‌ വർഷമെങ്കിലുമായിക്കാണും ഈ പ്രണയവും കെട്ടിപ്പിടുത്തവും തുടങ്ങിയിട്ട്‌. അമ്മായിപ്പനയ്‌ക്ക്‌ ഒരു മാറ്റവുമില്ല; അല്ല, എങ്ങനെ മാറാനാണ്‌? അതുപോലെയാണല്ലോ അമ്മാവൻ അമ്മായിയെ കെട്ടിപ്പിടിച്ചിരിക്കുന്നത്‌. അമ്മായിക്ക്‌ ചിലപ്പോൾ ശ്വാസം മുട്ടുന്നുണ്ടാവാം. പാവം.
തനിക്ക്‌ തെറ്റിയിട്ടില്ല; പക്ഷേ ഏരോൽക്കടവെവിടെ? ഇവിടെയുണ്ടായിരുന്ന കൈതക്കാടും കണ്ടൽക്കാടുമെല്ലാമെവിടെ? ആകാശം പോലും മാറിപ്പോയിരിക്കുന്നു.
എരണ്ടകളുടെയും മുണ്ടക്കൊക്കുകളുടെയും ശബ്‌ദത്തിനായി അവൻ കാതോർത്തു. സുധിയുടെ കാത്തിരിപ്പിനു ഫലമുണ്ടായതുപോലെ ഒരു സ്വരം കേട്ടു. അവൻ സന്തോഷത്തോടെ ശ്രദ്ധിച്ചു. പക്ഷെ ആ സ്വരം വലിയ ഇരമ്പലായി മാറിയപ്പോഴാണ്‌ അവൻ തനിക്ക്‌ പറ്റിയ അമളി മനസ്സിലാക്കിയത്‌. അത്‌ തീവണ്ടിയുടെ ഇരമ്പലായിരുന്നു. അവന്‌ നാണക്കേടും സങ്കടവും ദേഷ്യവുമെല്ലാം തോന്നി.
ഏരോൽക്കടവു മാത്രമല്ല അരയിപ്പുഴ തന്നെ അപ്രത്യക്ഷമായിരിക്കുന്നു. പൂഴിമണ്ണിനു നടുവിൽ ചെറിയ നീർക്കോലി കിടക്കുന്നതുമാതിരി പുഴ തന്റെ ജീവന്റെ തുടിപ്പറിയിക്കാൻ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. പാരീസിലെ ഫ്ലാറ്റിലെ ബാത്ത്‌റൂമിൽ കിട്ടുന്ന ഇളം ചൂടുവെള്ളത്തിൽ കുളിച്ചു വളർന്ന അവന്റെ യൗവ്വനം തണുത്ത പുഴവെള്ളത്തിനായി കൊതിച്ചു. ജലത്തിനു മുകളിലേക്ക്‌ കുതിച്ചുപൊങ്ങുന്ന ചെമ്പല്ലിക്ക്‌ വേണ്ടി സുധിയുടെ കണ്ണുകൾ പരതി.
തന്റെ പിന്നിൽ ആരോ നിൽക്കുന്നതു പോലെ തോന്നി അവന്‌. തിരിഞ്ഞു നോക്കുന്നതിന്‌ മുൻപുതന്നെ മൃദുലമായ രണ്ടു കരങ്ങൾ അവനെ ചുറ്റി വരിഞ്ഞു.
"എന്താ സുധിയേട്ടാ പേടിച്ചുപോയോ?"
"ആഹാ! നീയായിരുന്നോ? ഞാനാകെ പേടിച്ചുപോയല്ലോ- നീയെന്താ ഇപ്പൊഴും കൊച്ചുകുട്ടികളെപ്പോലെ? ആരെങ്കിലും കണ്ടാൽ....."
ആരുകണ്ടാലെനിക്കെന്താ, ഇവിടെല്ലാവർക്കുമറിയാം ഞാൻ സുധിയേട്ടന്റെ പെണ്ണാണെന്ന്‌"
സുധീഷിന്റെ മുറപ്പെണ്ണാണ്‌ സുചിത്ര. അതിന്റെ സ്വാതന്ത്ര്യം അവളുടെ എല്ലാ പ്രവർത്തികളിലുമുണ്ടായിരുന്നു. എയർപോർട്ടിൽ വെച്ച്‌ കണ്ടമാത്രയിൽ ഓടിവന്ന്‌ തന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ചതോർത്തപ്പോൾ സുധി ചൂളിപ്പോയി. ഇവൾ തന്റെ കൂടെ പണ്ട്‌ പള്ളിക്കൂടത്തിൽ വന്നിരുന്ന, തന്റെ കൂടെ കളിക്കാനും കുളിക്കാനും വന്നിരുന്ന സുചിയല്ല എന്നവനു മനസിലായി. സുചിത്ര ഒരുപാടു മാറിയിരിക്കുന്നു. അവൾ മാത്രമല്ല, അവളുടെ ചുറ്റുപാടുകളും.
"എന്റെ ദേഹത്തു നിന്നു കൈയെടുക്കു പെണ്ണേ, ഇങ്ങനെയുണ്ടോ ഒരു നാണമില്ലാത്തവൾ"
"പിന്നേ, പാരീസിൽ കഴിയുന്ന സുധിയേട്ടനല്ലേ കെട്ടിപ്പിടിക്കുന്നതിൽ നാണക്കേട്‌. നാണക്കേടായിട്ടോ അതോ മടുത്തിട്ടോ?"
സുധിയുടെ വാക്കുകൾ തോണ്ടയിൽ കുരുങ്ങി. എയർപോർട്ടിൽ വെച്ച്‌ കമലമ്മായി പറഞ്ഞത്‌ അവനോർത്തു.
"പാരീസുകാരന്റെ പെണ്ണല്ലേയെന്നും പറഞ്ഞിവിടെയൊരുത്തി അമേരിക്കക്കാരെ തോൽപ്പിക്കുന്നത്ര മോഡേണായിട്ടാ നടപ്പ്‌. മട്ടും ഭാവവുമൊക്കെ അങ്ങനെ തന്നെ."
മോഡേൺ എന്ന്‌ കേട്ടപ്പോൾ സുധിയുടെ മനസ്സിൽ ഓടിയെത്തിയത്‌ ആൻമേരിയാണ്‌. പാരീസിലെ അയൽക്കാരിയും തന്റെ കൂടെ റിസർച്ചുവർക്കും ചെയ്യുന്ന ആൻമേരി. ശരീരത്തിന്റെ മർമ്മഭാഗങ്ങളിൽ ഒരൽപ്പം തുണി പുതയ്ക്കുന്നവൾ. അതും വളരെ വിമ്മിഷ്ടത്തോടെ. ക്ലാസിലിരിക്കുന്നവരുടെ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാകർഷിക്കുവാൻ എന്തും ചെയ്യുന്നവൾ. പലപ്പോഴും ആൻ തന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
"വെറുതെയിരിക്കുമ്പോൾ സുധി എന്റെ ഫ്ലാറ്റിലേക്കൊക്കെ വരണം. നമുക്കവിടെ സംസാരിച്ചിക്കാം. അതൊക്കെയല്ലേ റിസർച്ചിന്റെയൊരു രസം"
ആൻ മേരിയുടെ 'സംസാര'ത്തെക്കുറിച്ച്‌ പലപ്പോഴും കേട്ടിട്ടുള്ളതു കൊണ്ട്‌ താനിതുവരെ പോയിട്ടില്ല. വെറുപ്പാണവളോട്‌. എങ്കിലും പലരും പലപ്പോഴും അവിടെ സംസാരിക്കാൻ പോവാറുണ്ട്‌. അതാണ്‌ ആൻമേരിക്കിഷ്ടവും.
സുചിയുടെ മുഖത്തേക്കു നോക്കുമ്പോൾ ആൻമേരി ചിന്തകളിലേക്ക്‌ ഓടിയെത്തുന്നു. ചിന്തകളെ മുറിച്ചുകൊണ്ട്‌ സുചിയുടെ ചോദ്യം.
"സുധിയേട്ടനെന്തിനാ തോർത്തൊക്കെയെടുത്ത്‌ ഇങ്ങോട്ടു വന്നത്‌. ഇവിടിപ്പോഴാരും കുളിക്കാൻ വരാറില്ല. മുഴുവനും ഉപ്പുവെള്ളമാണ്‌. വാ....ഇനി വീട്ടീന്ന്‌ കുളിക്കാം"
സുധിക്ക്‌ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു. പണ്ട്‌ താൻ ചൂണ്ടയിൽ ചെമ്മീനിനെ കോർത്തിട്ട്‌ വരാലിനെയും ചെമ്പല്ലിയെയുമൊക്കെ പിടിച്ചിരുന്ന അരയിപ്പുഴ. എരണ്ടകളെ പിടിക്കാൻ താൻ കെണി വയ്‌ക്കാറുണ്ടായിരുന്ന പനങ്കാവ്‌.....ഓർമകളുടെ വർത്തമാനത്തിലൂടെ മണൽ കയറ്റിയ ഒരു ലോറി ഇരമ്പലോടെ പാഞ്ഞുപോയി.
വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ സുചിയും കൂടെ വന്നു. ഇറുകിയ ജീൻസും ബനിയനുമിട്ട്‌. സുചിയ്‌ക്കില്ലാത്ത ഒരു വല്ലായ്‌മ സുധിയ്‌ക്കനുഭവപ്പെട്ടു. എന്തെങ്കിലും പറഞ്ഞാൽ അത്‌ ദുർവ്യാഖ്യാനിക്കപ്പെട്ടേയ്‌ക്കുമെന്നു ഭയന്ന്‌ അവൻ മൗനം പാലിച്ചു.
പ്രതാപൻ ചേട്ടന്റെ തട്ടുകടയിരുന്നിടത്തെത്തിയപ്പോൾ സുധിയുടെ കണ്ണുകൾ വിടർന്നു. തട്ടുകടയുടെ സ്‌ഥാനത്ത്‌ ഒരു രണ്ടുനില കെട്ടിടം. കടയുടെ മുൻപിൽ ലഘുവിഷ പാനീയങ്ങൾ തൂക്കിയിട്ടിരിക്കുന്നു. യൂറൊപ്യൻ സംസ്കാരം കുപ്പികളിലും പാത്രങ്ങളിലും പൊതിക്കെട്ടുകളിലുമായി വിൽക്കുന്ന പ്രതാപൻ ചേട്ടന്റെ പുതിയ കട.
മറുനാടൻ സംസ്‌കാരം കപ്പലിലൂടെയും വിമാനത്തിലൂടെയും എന്തിന്‌ ശൂന്യതയിലൂടെ പോലും പനങ്കാവിലെത്തിയിരിക്കുന്നു. സുധിയുടെ പനങ്കാവ്‌ മരിച്ചു കഴിഞ്ഞിരിക്കുന്നു.
"സുധിയേട്ടാ ഞാനിപ്പോ വരാം"
സുചി തൊട്ടടുത്ത മെഡിക്കൽസ്‌റ്റോറിലേക്കായിരുന്നു പോയത്‌. സുധിയും കൂടെ പോയി.
സുചി ചോദിച്ച ഗുളികയുടെ പേരുകേട്ടപ്പോൾ കടക്കാരന്റെ ചുണ്ടിൽ ഗൂഡസ്മിതം വിടർന്നു. അവന്റെ ഉള്ളൊന്നാളി. സുചി പതിയെ പറഞ്ഞു.
"സുധിയേട്ടൻ കുറേക്കാലം കൂടി വന്നതല്ലേ? നമുക്ക്‌ ഇതൊന്നാഘോഷിക്കണം, ഒരു മുൻകരുതലാ.........."
സുധിക്ക്‌ താൻ മറ്റാരോ ആയി മാറുന്നതായി തോന്നി. പാരീസ്‌ പനങ്കാവിലെത്തിയതറിഞ്ഞ അവൻ നടുങ്ങി. കാൽചുവട്ടിലെ മണ്ണിളകുന്നതുപോലെ തോന്നി. സമനില വീണ്ടുകിട്ടിയപ്പോൾ ആദ്യം ഓർമ്മിച്ചതു ആൻമേരിയെയാണ്‌. അന്നാദ്യമായി അവൻ ആൻമേരിയെ സ്നേഹിച്ചു. അവനു പാരീസിലേക്കു മടങ്ങുവാൻ തോന്നി. ആൻമേരിയെ കാണാൻ അവൻ വല്ലാതെ കൊതിച്ചു. ഒന്നു സംസാരിക്കുവാൻ മാത്രം. വെറുതെ സംസാരിക്കുവാൻ.

3 comments:

  1. Blogulakathilekku swagatham ..

    Kadha nannaiundu...
    Pinne ee bloginte look and feel maatiyal nannayirikkum ennoru abhiprayam undu...

    Ee yathraykku ella aashamsakalum nerunnu ...

    ReplyDelete
  2. എന്റെ എഴുത്തുമുറിയുടെ വരാന്തയിൽ ആദ്യമായി വന്നെ സുഹൃത്തേ,
    നിങ്ങളുടെ അഭിപ്രായത്തിനു നന്ദി
    ഈ ബ്ലോഗ്‌ രൂപത്തിലും ഭാവത്തിലും മാറ്റാൻ
    ഞാൻ ശ്രമിക്കാം...

    ReplyDelete
  3. CR,

    ente abhipraayangal mukhavilaykkeduthathinu nandi.
    Ippol blog manoharamayirkikkunnu.
    Postukal athilere manoharam, prathyekichu kutti kavithakal.

    ReplyDelete

എന്തെങ്കിലും പറഞ്ഞു കൂടെ??????

Followers

വഴിതേടി